മങ്കട: നാലുദിവസം മുമ്പ് കാണാതായ തിരൂർക്കാട് സ്വദേശിയായ യുവാവിന്റെ മൃതദേഹം വിജനമായ പറമ്പിലെ കിണറ്റിൽ കണ്ടെത്തി. തിരൂർക്കാട് തേറമ്പത്ത് ഉമ്മറിന്റെ മകൻ മുഹമ്മദ് ഷമീമിന്റെ (24) മൃതദേഹമാണ് വ്യാഴാഴ്ച ഉച്ചയോടെ ഓരാടംപാലം വലമ്പൂർ റോഡിൽ പമ്പ് ഹൗസിന് സമീപം ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്. ഡിസംബർ 11 മുതൽ തിരൂർക്കാട്ടുനിന്ന് ഷമീമിനെ കാണാനില്ലെന്ന് പിതാവ് മങ്കട പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. മങ്കട പൊലീസ് മണ്ണാർക്കാട് അഗ്നിരക്ഷ സേനയുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു. മരണവുമായി ബന്ധപെട്ട് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരുന്നതായി മങ്കട എസ്.ഐ സി.കെ. നൗഷാദ് പറഞ്ഞു. മാതാവ്: പാത്തുമ്മ. സഹോദരങ്ങൾ: ഷഹിദ് അലി, സലീന, സക്കീന, ഷാഹിന, സുലൈഖ, റസീന.