കോഴിക്കോട്: സര്‍ക്കാറിന്റെ ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് ചെയര്‍മാനും സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയുമായ വി.എം. കോയ മാസ്റ്റര്‍ (75) നിര്യാതനായി. ഞായറാഴ്ച വൈകീട്ട് വീടിനടുത്ത കുടുംബസംഗമ വേദിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെയും സിറാജ് ദിനപത്രത്തിന്റെയും സ്ഥാപക നേതാക്കളില്‍ പ്രമുഖനായ ഇദ്ദേഹം നിരവധി മഹല്ലുകളുടെയും സ്ഥാപനങ്ങളുടെയും മുഖ്യ സാരഥിയായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. നേരത്തേ കേന്ദ്ര സര്‍ക്കാറിന്റെ മദ്റസ മോഡേണൈസേഷന് കമ്മിറ്റിയിലും അംഗമായിരുന്നു. എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി അംഗമായും സെക്രട്ടറിയായും സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ മാനേജറായും പ്രവര്‍ത്തിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമാണ്. മാങ്കാവ് ഗവ. എല്‍.പി സ്കൂളില്‍ പ്രധാനാധ്യാപകനായിരുന്നു. പൊക്കുന്ന് ജുമുഅത്ത് പള്ളിയില്‍ നടന്ന മയ്യിത്ത് നമസ്കാരത്തിന് സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര് നേതൃത്വം നല്കി.
ഭാര്യ: ആയിഷ. മക്കള്‍: മുഹമ്മദ് അസ്ലം, നിസാര്‍. മരുമക്കള്‍: ആരിഫ, സജ്ന (മര്‍കസ് ഹയര്‍ സെക്കന്‍ഡറി അധ്യാപിക). സഹോദരങ്ങള്‍: വി.ടി. പരീക്കുട്ടി, പരേതരായ അബ്ദുല്ലകോയ മാസ്റ്റര്‍, അബൂബക്കര്‍, ആമിന.