കൊയിലാണ്ടി: ദേശീയപാത കാട്ടിലപീടികയില്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തിൽപെട്ട് വടകര ചോറോട് സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു. ചോറോട് കുരിയാടി ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിനു സമീപം മരക്കാന്റെ വളപ്പില്‍ ദീക്ഷിത് (18), കുരിയാടി വരയന്റെ വളപ്പില്‍ അശ്വിന് (18) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ച മൂന്നരയോടെയായിരുന്നു അപകടം.
പുതിയാപ്പ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ഗാനമേളക്ക് പോയി നാട്ടിലേക്ക് തിരിച്ചുപോകുമ്പോഴായിരുന്നു അപകടം. ഇവർ സഞ്ചരിച്ച സ്കൂട്ടര്‍ മോട്ടോര്‍ സൈക്കിളുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ബൈക്ക് യാത്രികൻ സായന്ത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അശ്വിന് അപകട സ്ഥലത്തുവെച്ചും ദീക്ഷിത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്. ഇതുവഴി വന്ന വാഹനങ്ങളിലുള്ളവരും പ്രദേശവാസികളുമാണ് ഇരുവരെയും ആശുപത്രികളില്‍ എത്തിച്ചത്. അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തിയിരുന്നു. മരക്കാന്റെ വളപ്പില്‍ ഗിരീഷിന്റെയും നീഷ്മയുടെയും മകനാണ് ദീക്ഷിത്. കോഴിക്കോട് ഐ.ടി വിദ്യാര്‍ഥിയാണ്. സഹോദരി: നന്ദ. കുരിയാടി വരയന്റെ വളപ്പില്‍ ശ്രീനിവാസന്റെയും പ്രജിതയുടെയും മകനാണ് അശ്വിന്. അക്കൗണ്ടന്‍സി വിദ്യാര്‍ഥിയാണ്. സഹോദരന്: അഭിനന്ദ്.