വടകര: സാന്റ് ബാങ്ക്സിനുസമീപം അഴിത്തല കടലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെയാണ് കരയിൽനിന്ന് മൂന്നുകിലോമീറ്റർ മാറി കടലിൽ മൃതദേഹം ഒഴുകിനടക്കുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽ പെടുന്നത്.
തുടർന്ന് വടകര കോസ്റ്റൽ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി കരക്കെത്തിച്ചു. മൃതദേഹത്തിന് ഒരു മാസത്തോളം പഴക്കം കാണുമെന്ന് പൊലീസ് അറിയിച്ചു. 25നും 40നും ഇടയിൽ പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം പൂർണമായി ജീർണിച്ച അവസ്ഥയിലാണ്. മൃതദേഹത്തിലെ ഇരു കൈകളും കാൽപാദങ്ങളും വേർപെട്ട് അസ്ഥികൾ പുറത്തായ നിലയിലാണ്. തലഭാഗം പൂർണമായി അഴുകിയിട്ടുണ്ട്. മൃതദേഹം വടകര ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സമീപകാലത്തായി കാണാതായവരുടെ വിവരങ്ങൾവെച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.