അരീക്കോട്: ടിപ്പര്‍ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രികനായ വിദ്യാര്‍ഥി മരിച്ചു. അരീക്കോട് വാലില്ലാപുഴ തേക്കിന്‍ചോട് കളത്തിങ്ങല്‍ ജാഫറിന്റെ മകന് മുഹമ്മദ് അലി മുത്തലിഖ് എന്ന അക്കു (17) ആണ് മരിച്ചത്. കാവനൂര്‍ ജി.എച്ച്.എസ്.എസ് പ്ലസ്ടു വിദ്യാര്‍ഥിയാണ്. ബുധനാഴ്ച രാത്രി 9.15ന് മഞ്ചേരി നെല്ലിപ്പറമ്പിലായിരുന്നു അപകടം. മഞ്ചേരിയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങവേ കല്ലിങ്ങല്‍ പെട്രോള്‍ പമ്പിനുസമീപം എതിരെ വന്ന ടിപ്പര്‍ ലോറിയിൽ ഇടിക്കുകയായിരുന്നു. ഉടന്‍ നാട്ടുകാർ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെ യാത്രചെയ്തിരുന്ന ബന്ധു അസാല അസ്കറിനും പരിക്കേറ്റു. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചേരി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ പൂർത്തിയാക്കി വിട്ടുനൽകി. മാതാവ്: നിഷാത്ത്. സഹോദരി: മര്‍വ്വ.