പുൽപള്ളി: ദുരൂഹ സാഹചര്യത്തിൽ ആദിവാസി യുവാവിന്റെ മൃതദേഹം കൃഷിയിടത്തിൽ. മാനന്തവാടി ദ്വാരക പുൽക്കാടുകുന്ന് വെങ്കിലോട്ട് പണിയ കോളനിയിലെ വെള്ളിയുടെ മകൻ സന്തോഷിന്റെ (30) മൃതദേഹമാണ് കണ്ടെത്തിയത്. കേണിച്ചിറ തൂത്തിലേരിക്ക് സമീപം സ്വകാര്യ കൃഷിയിടത്തിലാണ് സംഭവം. ബന്ധു മരിച്ചതിനെ തുടർന്ന് തൂത്തിലേരി പണിയ കോളനിയിൽ എത്തിയ സന്തോഷിനെ വെള്ളിയാഴ്ച രാത്രി ഏഴു മുതൽ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ തോടിനോട് ചേർന്ന ഭാഗത്ത് മരിച്ചുകിടക്കുന്നതായി ശനിയാഴ്ച രാവിലെ കണ്ടെത്തുകയായിരുന്നു. കാലിൽ മുറിവേറ്റ നിലയിലാണ് കാണപ്പെട്ടത്. സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി അബ്ദുൽ ഷെരീഫ്, അമ്പലവയൽ എസ്.ഐ രാംജിത്ത്, കേണിച്ചിറ പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സന്തോഷിന്റെ അച്ഛൻ: വെള്ളി. അമ്മ: കാളി. ഭാര്യ: മിനി. മകൻ: സനൂപ്.