അന്തിക്കാട്: രണ്ട് ദിവസം മുമ്പ് ഖത്തറിൽനിന്ന് നാട്ടിലെത്തിയയാൾ വാഹനാപകടത്തിൽ മരിച്ചു. പഴുവിൽ വെസ്റ്റ് സ്വദേശി കീഴുവാലിപറമ്പിൽ കൊച്ചുമുഹമ്മദിന്റെ മകൻ ബഷീർ (52) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10ഓടെ ചിറയ്ക്കൽ ഗായത്രി റോഡിന് സമീപമായിരുന്നു അപകടം. വാഹനം മറിയുന്ന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ബഷീറിനെ ആംബുലൻസിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബഷീർ ഓടിച്ച ബൈക്ക് മറ്റൊരു വാഹനത്തിൽ തട്ടി മറിയുകയായിരുന്നുവെന്ന സംശയത്തിൽ പൊലീസ് സമീപത്തെ സി.സി.ടി.വി കാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഖത്തറിൽ ഫ്രൂട്ട്സ് കടയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: നൂർജഹാൻ. മക്കൾ: നജ്മ, ഷബ്ന, സജ്ന. ചാഴൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് നസീമ സെയ്തുവിന്റെ ഭർതൃസഹോദരനാണ്.