മകനൊപ്പം ബൈക്കിൽ സഞ്ചരിച്ച വീട്ടമ്മ കാറിടിച്ച് മരിച്ചു
കിളിമാനൂർ: മകൻ ഓടിച്ച ബൈക്കിന് പിന്നിലിരുന്ന വീട്ടമ്മ പിന്നാലെ വന്ന കാറിടിച്ച് മരിച്ചു; പരിക്കേറ്റ മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിളിമാനൂർ പേരൂർ കാട്ടുചന്ത തിരുവാതിരയിൽ ശ്യാമളയാണ് (58) മരിച്ചത്. മകൻ അരവിന്ദിന് (24) സാരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രി ഏഴോടെയാണ് സംഭവം.
സംസ്ഥാന പാതയിൽ തട്ടത്തുമല മണലേത്തുപച്ചയിൽവെച്ച് നിലമേൽഭാഗത്തുനിന്ന് കിളിമാനൂരിലേക്ക് വരികയായിരുന്ന ബൈക്കിൽ അതേദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. റോഡിൽ തലയിടിച്ച് തെറിച്ചുവീണ ശ്യാമളയെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
മടത്തറ കൊല്ലായിൽ ശ്യാമളയുടെ കുടുംബ വീട്ടിൽപ്പോയി മടങ്ങുകയായിരുന്നു ഇരുവരും. ഭർത്താവ്: കാട്ടുചന്തയിലെ റേഷൻകട ഉടമ ഈഞ്ചപൊയ്കയിൽ പി. രാജേന്ദ്രൻ നായർ.