കഴക്കൂട്ടം: ചെമ്പഴന്തി ആനന്ദേശ്വരത്ത് സുഹൃത്തിന്റെ വീടിന്റെ വരാന്തയിൽ ഗൃഹനാഥനെ മരിച്ചനിലയിൽ കണ്ടെത്തി. ആനന്ദേശ്വരം ചെറുവട്ടിക്കോണത്ത് ജയശ്ചന്ദ്രനെയാണ് (62) മരിച്ച നിലയിൽ കണ്ടെത്തിയത്. ജയശ്ചന്ദ്രന്റെ സുഹൃത്ത് സതീഷിന്റെ വീടിന്റെ വരാന്തയിൽ ചെവിയിൽനിന്ന് രക്തം വാർന്നനിലയിലാണ് മൃതദേഹം കിടന്നത്. ഇരുവരും ഇവിടെ ഒത്തുകൂടി മദ്യപിക്കാറുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി 8.30ന് മറ്റൊരു സുഹൃത്തുമായി ഇവിടെയെത്തി ഒരുമിച്ച് മദ്യപിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മദ്യപാനത്തിനുശേഷം സതീഷ് ഉറങ്ങാനായി മുറിയിലേക്ക് പോയിരുന്നു. രാവിലെ സതീഷ് ഉറക്കമുണർന്ന് നോക്കിയപ്പോൾ വരാന്തയിൽ ജയൻ കിടന്നുറങ്ങുകയാണെന്ന് കരുതി മുഖത്ത് വെള്ളം തളിച്ചശേഷം ജങ്ഷനിലെ കടയിൽ ചായ കുടിക്കാൻ പോയി. രാത്രിയിൽ ഒപ്പമുണ്ടായിരുന്ന, സമീപത്ത് താമസിക്കുന്ന സുഹൃത്ത് അതുവഴിവന്നപ്പോൾ അടുത്തുചെന്ന് നോക്കിയപ്പോഴാണ് ജയൻ മരിച്ചതായി സംശയം തോന്നി ആളുകളെ വിളിച്ചുകൂട്ടി കഴക്കൂട്ടം പൊലീസിൽ അറിയിച്ചത്.
അസ്വാഭാവിക മരണത്തിന് കഴക്കൂട്ടം പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടോ എന്ന് ഉറപ്പായിട്ടില്ല. ഭാര്യ: സുമംഗല, മകൻ: അരുൺ.