തൃശൂർ: വിയ്യൂർ ജയിലിൽ റിമാൻഡിലായിരുന്ന ക്രമിനൽ കേസ് പ്രതി നെഞ്ച് വേദനയെത്തുടർന്ന് മരിച്ചു. രാമവർമപുരം നെല്ലിക്കാട് പാണ്ടിയത്ത് രാജീവ് (തക്കാളി രാജീവ് - 37) ആണ് മരിച്ചത്. വിയ്യൂർ ജില്ല ജയിലിൽ കഴിഞ്ഞിരുന്ന ഇയാൾക്ക് ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് നെഞ്ചുവേദനയുണ്ടായത്. തുടർന്ന് ജില്ല ജനറൽ ആശുപത്രിയിലും പിന്നീട് മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും പന്ത്രണ്ടോടെ മരിച്ചു. കൊലപാതക ശ്രമം, കവർച്ച ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കാപ്പ നിയമപ്രകാരം ഒരു വർഷം നാട് കടത്തിയിരുന്നു. അതിനുശേഷം വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെത്തുടർന്ന് കാപ്പ ചുമത്തി ജയിലിലാക്കിയിരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.