മാള: കഴിഞ്ഞ ദിവസം അന്തരിച്ച മലങ്കര യാക്കോബായ സുറിയാനി സഭ മുൻ വൈദിക ട്രസ്റ്റി പൂവന്തറ മത്തായി കോർ എപ്പിസ്കോപ്പക്ക് (97) നാടിന്റെ യാത്രാമൊഴി. ഭൗതികശരീരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മാമ്പ്ര സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി പള്ളിയിൽ (സീനായ് ആശ്രമം) കബറടക്കി. വീട്ടിൽ വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം. സാമൂഹികാരാഗ്യ കേന്ദ്രം കൊണ്ടുവരാനും സ്കൂളുകള്‍ തുടങ്ങാനും അവ ഹൈസ്കൂളായി ഉയർത്താനും നൂതന കൃഷിരീതിക്ക് തുടക്കമിടാനും മാമ്പ്ര റൂട്ടില്‍ ബസ് സർവിസ് കൊണ്ടുവരാനും അദ്ദേഹം ഏറെ പരിശ്രമിച്ചു.
തൃശൂർ ഭദ്രാസനത്തിൽ അഡ്മിനിസ്ട്രേറ്ററായിരുന്നു. പാത്രിയാർക്കീസ് ബാവ 1999ൽ മാർ അപ്രേം അവാർഡും 2004ൽ ഇത്തോഫീതോ സ്ഥാനവും നൽകി. മാമ്പ്ര പൂവന്തറ പരേതരായ ഔസേപ്പിന്റെയും കുഞ്ഞാമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ ചെറുച്ചിക്കുട്ടി. മക്കൾ: സെനോ, മെറീന, ലീന, സീന, ഹെലൻ, ബിനു, പരേതനായ ജോൺ മാത്യു. മരുമക്കൾ: ബേബി, പോൾ, തരിയൻ, വർഗീസ്, ജിസിമോൾ, ബാബു, ബിജു.
ബെന്നി ബഹനാൻ എം.പി, ടി.ജെ. സനീഷ് കുമാർ ജോസഫ് എം.എൽ.എ, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ്, പഞ്ചായത്ത് അംഗം കെ.എ. ഇഖ്ബാൽ, മുൻ എം.എൽ.എ ടി.യു. രാധാകൃഷ്ണൻ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.