കോഴിക്കോട്: കാറും പിക് അപ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശിനി മരിച്ചു. കോയമ്പത്തൂർ പുതുക്കോട്ട സ്വദേശിനി വള്ളിയമ്മയാണ് (55) മരിച്ചത്. കാറിൽ സഞ്ചരിച്ച സുഗുണ, പയ്യന്നൂർ സ്വദേശി ജുനൈദ് എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. മലാപ്പറമ്പ് ബൈപാസ് ജങ്ഷനിൽ ശനിയാഴ്ച പുലർച്ച മൂന്നരയോടെയായിരുന്നു അപകടം. കോയമ്പത്തൂരിൽനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്നു കാർ. അപകടത്തിൽപെട്ടവരെ ഇഖ്റ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വള്ളിയമ്മയുടെ മൃതദേഹം കോഴിക്കോട് മെഡി. കോളജ് ആശുപത്രിയിൽ ഞായറാഴ്ച പോസ്റ്റ്മോർട്ടം കഴിഞ്ഞ് നാട്ടിലേക്ക് കൊണ്ടുപോവും.