തളിക്കുളം: വൃക്കകൾ തകരാറിലായ യുവാവ് യാത്രയായി, നാടിന്റെ കൈത്താങ്ങിന് കാത്തുനിൽക്കാതെ. തളിക്കുളം കൈതക്കൽ എൽ.പി സ്കൂളിനുവടക്ക് അമ്പലത്തുവീട്ടിൽ സുലൈമാന്റെ മകൻ ഹസനാണ് (23) ഞായറാഴ്ച രാവിലെ മരിച്ചത്. ഒന്നരമാസം മുമ്പാണ് പരിശോധനയിൽ വൃക്കകൾ തകരാറിലാണെന്ന് കണ്ടെത്തിയത്. ജീവൻ നിലനിർത്താൻ വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടർ നിർദേശിച്ചിരുന്നത്. ഇതിനായി ചികിത്സ സഹായ സമിതി രൂപവത്കരിച്ച് പണം സ്വരൂപിച്ചുവരുകയായിരുന്നു. അഞ്ചുദിവസം മുമ്പ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാവിലെ മരിച്ചു. കൈതക്കൽ സെൻററിലെ മൊബൈൽ ഷോപ്പ് കടയിലെ ജീവനക്കാരനായിരുന്നു. മാതാവ്: സുബൈദ. സഹോദരങ്ങൾ: ഹുസൈൻ, ഷഫീഖ്.