മുക്കം: വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന എംപാനൽ ഷാർപ്പ് ഷൂട്ടർ റിട്ട. എക്സൈസ് ഇൻസ്പെക്ടർ കച്ചേരി തെക്കേകണ്ടിയിൽ സി.എം. ബാലൻ (68) നിര്യാതനായി. മുക്കം-അരീക്കോട് റോഡിൽ ഓടത്തെരുവിൽ വാഹനം തട്ടി ചത്ത കാട്ടുപന്നിയെ റോഡിൽനിന്ന് നീക്കംചെയ്യുന്നതിനിടെ വെള്ളിയാഴ്ച രാത്രിയാണ് ബാലന് ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റത്. ആദ്യം മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച ഉച്ച രണ്ടോടെ മരിച്ചു.
ജില്ലയിൽ കാർഷിക വിളകൾ നശിപ്പിക്കുന്ന പന്നികളെ വെടിവെച്ചുകൊല്ലാൻ വന൦ വകുപ്പ് ലൈസൻസ് നൽകിയ എ൦പാനൽ ഷൂട്ടറായിരുന്നു. കോഴിക്കോട് ടൗൺ പ്രദേശത്തടക്ക൦ ജില്ലയിലെ വിവിധയിടങ്ങളിൽ നൂറിലധികം കാട്ടുപന്നികളെ അദ്ദേഹം വെടിവെച്ചുകൊന്നിട്ടുണ്ട്. കർഷകരും തദ്ദേശസ്ഥാപനങ്ങളും അദ്ദേഹത്തെ ആദരിച്ചിരുന്നു. ഭാര്യ: ജ്യോതി ലക്ഷ്മി. മക്കൾ: സായ് നാരായൺ, സായ് ആദിത്യ, സായ് ദുർഗ. സംസ്കാരം തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ.