പേരാമ്പ്ര: പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ വനിത പൊലീസ് ഓഫിസർ തൂങ്ങിമരിച്ച നിലയിൽ. സീനിയർ സിവിൽ പൊലീസ് ഓഫിസർ കല്ലോട് കൈപ്രത്ത് കുന്നമംഗലത്ത് ബീനയെയാണ് (46) വീടിന്റെ പിറകുവശത്തെ ചായ്പിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ഉടൻ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. നാല് മണി വരെ പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ബീന കുട്ടിയെ കൂട്ടാനെന്ന് പറഞ്ഞ് സ്റ്റേഷനിൽനിന്ന് ഇറങ്ങിയതാണ്. പിന്നീടാണ് മരണവിവരം അറിയുന്നത്.
റൂറൽ എസ്.പി കറുപ്പ സാമി, ഡിവൈ.എസ്.പിമാരായ ബാലചന്ദ്രൻ, ഹരിദാസ് തുടങ്ങി ഉന്നത പൊലീസ് അധികാരികൾ താലൂക്ക് ആശുപത്രിയിൽ എത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ. ചെമ്പനോട പുളിയുള്ളകണ്ടി പരേതനായ കുട്ടികൃഷ്ണൻ കിടാവിന്റെയും സരോജിനി അമ്മയുടെയും മകളാണ്. ഭർത്താവ്: അരവിന്ദൻ (അമൃത യൂനിവേഴ്സിറ്റി, എട്ടിമടൈ, കോയമ്പത്തൂർ). മക്കൾ: ഗൗതം കാർത്തിക്, ഗഗൻ കാർത്തിക് (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: മോഹനൻ, ബാബു.