എരുമപ്പെട്ടി: കടങ്ങോട് മല്ലൻകുഴി ഭാഗത്തെ പാറമടയിലെ വെള്ളത്തിൽ കുളിക്കാനിറങ്ങി കാണാതായ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. പഴയന്നൂർ കല്ലേപ്പാടം സ്വദേശി പാറപ്പുറം വീട്ടിൽ ജോബിയുടെ (53) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. കടങ്ങോട് സ്വകാര്യ എസ്റ്റേറ്റിൽ റബർ ടാപ്പിങ് ജോലിക്കെത്തിയ ജോബി ജോലി കഴിഞ്ഞ് ഞായറാഴ്ച വൈകീട്ട് ആറരയോടെ പാറമടയിലെ വെള്ളത്തിൽ കുളിക്കാൻ ഇറങ്ങിയശേഷമാണ് കാണാതായത്. നീന്തൽ വശമില്ലാത്ത ജോബി താഴ്ന്നുപോവുകയായിരുന്നു. എരുമപ്പെട്ടി പൊലീസും കുന്നംകുളം അഗ്നിരക്ഷ സേനയും തിരച്ചിൽ നടത്തിയെങ്കിലും രാത്രിയായതിനാൽ കണ്ടെത്താനായില്ല. തുടർന്ന് തിങ്കളാഴ്ച രാവിലെ ഏഴരയോടെ തൃശൂരിൽനിന്നെത്തിയ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള പ്രേത്യക സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. എരുമപ്പെട്ടി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.