മേപ്പാടി: മേപ്പാടി പാലവയലിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പുളിയാർമല കോളനിയിലെ കളപ്പുരയ്ക്കൽ സന്തോഷിന്റെ മകൻ എം.എസ്. വിഷ്ണു (22) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയിലായിരുന്നു അപകടം. ബന്ധുവിനെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍നിന്നും ആംബുലന്‍സില്‍ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. ആംബുലന്‍സിന് പുറകെ സ്കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന വിഷ്ണു സ്കൂട്ടര്‍ മറിഞ്ഞാണ് അപകടത്തില്‍പ്പെട്ടത്. പുറകെ എത്തിയ യാത്രക്കാരാണ് വിഷ്ണു റോഡില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെയോടെ മരിച്ചു. മേപ്പാടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.