സുൽത്താൻ ബത്തേരി: കാണാതായ വനം വകുപ്പിലെ താൽക്കാലിക ആദിവാസി വാച്ചറെ വനത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പരിക്കുകളോെട വനമേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്. നൂൽപുഴ പഞ്ചായത്തിലെ ഓടക്കൊല്ലി കോളനിയിലെ മാരൻ (ചന്ദ്രൻ - 45) ആണ് മരിച്ചത്.നാലു ദിവസങ്ങൾക്ക് മുമ്പാണ് തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷനിലെ താൽക്കാലിക വാച്ചറായ മാരനെ കാണാതായത്. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് കാലിന് സാരമായ പരിക്കുകളോടെ ഓടക്കൊല്ലി വനത്തിൽ മാരന്റെ മൃതദേഹം കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിലാണ് മാരൻ കൊല്ലപ്പെട്ടതെന്ന് ആരോപിച്ച് നാട്ടുകാർ മൃതദേഹം സ്ഥലത്തു നിന്നും മാറ്റുന്നതിനെ തടഞ്ഞു പ്രതിഷേധിച്ചു. പിന്നീട് വൈൽഡ് ലൈഫ് വാർഡൻ അബ്ദുൽ അസീസുമായി നടത്തിയ ചർച്ചയിൽ മാരന്റെ ആശ്രിതരിൽ ഒരാൾക്ക് വനം വകുപ്പിൽ ജോലി നൽകാമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 10 ലക്ഷത്തിന് പുറമെയുള്ള നഷ്ടപരിഹാരത്തിന് ശിപാർശ ചെയ്യുമെന്നും ഉറപ്പ് ലഭിച്ചതിനാൽ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബിന്ദുവാണ് മരിച്ച മാരന്റെ ഭാര്യ. മക്കൾ: വിനിത, അഭിജിത്ത്, അഞ്ജന.