പേരാമ്പ്ര: സംസ്ഥാനപാതയിൽ കക്കാട് വാഹനാപകടത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം. കൈതക്കൽ പുറ്റാട് ലക്ഷംവീട് കോളനിയിലെ ഹനീഫ (55) ആണ് മരിച്ചത്. കക്കാട്, പേരാമ്പ്ര ബൈപാസ് ജങ്ഷനിൽ വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം. മുന്നിൽ പോകുകയായിരുന്ന കാർ പെട്ടെന്ന് നിർത്തിയപ്പോൾ ഹനീഫ സഞ്ചരിച്ച സ്കൂട്ടർ കാറിന്റെ പിറകിലിടിക്കുകയും തെറിച്ച് റോഡിലേക്ക് വീഴുകയും ചെയ്തു. എതിർദിശയിൽ വന്ന കെ.എസ്.ആർ.ടി.സി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ഹനീഫ തൽക്ഷണം മരിക്കുകയായിരുന്നു. പേരാമ്പ്രയിൽനിന്നും വീട്ടിലേക്ക് പോകുകയായിരുന്നു ഹനീഫ. ഭാര്യമാർ: നൂർജഹാൻ, നബീസ. മക്കൾ: മുഹമ്മദ് റഫീഖ്, മുഹമ്മദ് ഷാഫി, റജീന, ഷിഫാന. മരുമക്കൾ: അഫ്സത്ത്, തസ്നീം, മുജീബ് (താമരശ്ശേരി), ഷഫീഖ് (തൃശൂർ). മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം ശനിയാഴ്ച ചേനോളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.