ഒല്ലൂര്‍: കമ്പനിപടിക്ക് സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. ഒല്ലൂര്‍ പെരുവാംകുളങ്ങര ചിറ്റിലപ്പിള്ളി ഫ്രാന്‍സിസിന്റെ ഭാര്യ റോസിയാണ് (58) മരിച്ചത്. റോസിയുടെ ഭർത്താവ് ഫ്രാന്‍സിസ്, മരുമകള്‍ ഷീനിമോള്‍ (28), പേരക്കുട്ടികളായ ജൂവാന (ആറ്), ജഫാത്ത (നാല്), മറിയം (രണ്ട്), ഓട്ടോ ഡ്രൈവര്‍ കാരാഞ്ചിറ സ്വദേശി അജീഷ് (30), കാര്‍ യാത്രികരായ അമലനഗര്‍ കുരുതുകുളങ്ങര വീട്ടില്‍ മേരി (57), മകന് മേല്വിന് (22) എന്നിവർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ച ഒന്നോടെയാണ് അപകടം. തൃശൂരില്‍ സിനിമ കണ്ട് ഓട്ടോയിൽ മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പെട്ടത്. സംഭവസ്ഥലത്തുതന്നെ റോസി മരിച്ചതായി പറയുന്നു. പരിക്കേറ്റവരെ ആക്ട്സ് പ്രവര്‍ത്തകരും ഒല്ലൂര്‍ പൊലീസുമാണ് ആശുപത്രികളില്‍ എത്തിച്ചത്. മരിച്ച റോസിയുടെ മക്കള്‍: ഡിജോ, ഡിജി. മരുമക്കള്‍: ഷീനി, ജിനോ. സംസ്കാരം പീന്നിട്.