കോഴിക്കോട്: പഴയ കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് തകർന്നുവീണ് ഒഡിഷ സ്വദേശി മരിച്ചു. ലഖാൻപുർ സ്വദേശി ഗണേഷ് നായികിന്റെ മകൻ അനന്ത് നായിക് (41) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയാണ് അപകടം. കാരപ്പറമ്പ് മാർക്കറ്റിനു സമീപം ചാലിക്കര റോഡിൽ കണക്കോവിൽ സദാനന്ദന്റെ വീടിന്റെ മുറ്റത്തുള്ള ഷട്ടറിട്ട കോൺക്രീറ്റ് കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് പൊട്ടി വീഴുകയായിരുന്നു. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. വെള്ളിയാഴ്ച രാവിലെ ഇൻക്വസ്റ്റ് നടത്തുമെന്ന് നടക്കാവ് പൊലീസ് അറിയിച്ചു.