വളാഞ്ചേരി: ദേശീയപാത 66ൽ വട്ടപ്പാറ മുകൾ ഭാഗത്ത് പഴയ സി.ഐ ഓഫിസിന് മുൻവശത്ത് അജ്ഞാത വാഹനം സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ വടകര പുത്തലത്ത് വാഴയിൽ നസീമുദ്ദീനാണ് (35) മരിച്ചത്. ബുധനാഴ്ച രാത്രി 10.30ഓടെയായിരുന്നു അപകടം. സ്കൂട്ടറിൽ ഇടിച്ച വാഹനം ദേഹത്ത് കയറിയിറങ്ങി നിർത്താതെ പോയി. അതുവഴി കടന്നുപോയ വാഹനങ്ങൾ നിർത്താത്തതുമൂലം 10 മിനിറ്റിലധികം കഴിഞ്ഞ് ആംബുലൻസ് എത്തിച്ചാണ് നസീമുദ്ദീനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊലീസ് ഇൻസ്പെക്ടർ എൻ.ആർ. സുജിത്തിന്റെ നേതൃത്വത്തിൽ വളാഞ്ചേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. തുണിക്കച്ചവടവുമായി ബന്ധപ്പെട്ട് എറണാകുളത്തേക്ക് പോയി തിരിച്ച് നാട്ടിലേക്ക് മടങ്ങവെയാണ് അപകടം. ഭാര്യ: മുംതാസ്. മക്കൾ: നഹാൻ, ആലിഫ്.