പൊന്നാനി: ബിയ്യത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. ഈശ്വരമംഗലം കുമ്പളത്തുപടി സ്വദേശി വിണ്ണം ചാത്തയിൽ കുട്ടന്റെ ഭാര്യ കല്ലൂർ സുലോചനയാണ് (67) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10ഓടെ എടപ്പാൾ - പൊന്നാനി സംസ്ഥാന പാതയിൽ ബിയ്യം സെന്ററിലായിരുന്നു അപകടം. എടപ്പാളിൽനിന്ന് വീട്ടിലേക്ക് മകൻ ഷാജിക്കൊപ്പം ബൈക്കിൽ സഞ്ചരിക്കവേയാണ് അപകടമുണ്ടായത്. എതിർ ദിശയിൽനിന്നു വന്ന മിനി ഗുഡ്സ് വാഹനത്തിൽ തട്ടിയതിനെത്തുടർന്ന് നിയന്ത്രണംവിട്ട ബൈക്ക് മുന്നിലുണ്ടായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണാണ് സുലോചന മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഷാജിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരുമകൾ: ഷാബിനി.