പന്തീരാങ്കാവ്: ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് ബൈക്കിൽ പോകുന്നതിനിടെ അറപ്പുഴ കടവ് റിസോർട്ടിലെ ജീവനക്കാരൻ ലോറി തട്ടി മരിച്ചു. കോട്ടയം എരുമേലി കനകപാലം താഴത്തതിൽ എം.സി. മാത്യു -സിസിലി ദമ്പതികളുടെ മകൻ ടോജി മാത്യു (36)വാണ് വ്യാഴാഴ്ച അർധരാത്രി അറപ്പുഴ പാലത്തിന് സമീപം അപകടത്തിൽപെട്ടത്.
കടവ് റിസോർട്ടിൽ ഫുഡ് ആൻഡ് ബിവറേജ് എക്സിക്യൂട്ടിവ് ആയ ടോജി 12 മണിയോടെ ജോലികഴിഞ്ഞ് താമസിക്കുന്ന ക്വാർട്ടേഴ്സിലേക്ക് പോകുമ്പോൾ ലോറിയിടിച്ച് പരിക്കേൽക്കുകയായിരുന്നു. മുള കയറ്റിവന്ന ലോറിയാണ് അപകടം വരുത്തിയതെന്നാണ് സൂചന. ലോറി നിർത്താതെപോയി. പിറകെ എത്തിയ മറ്റു യാത്രക്കാരാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ഒരു വർഷത്തോളമായി കടവിലെ ജീവനക്കാരനാണ്. ഭാര്യ: എലിസബത്ത് റിൻസി.