തലശ്ശേരി: തലശ്ശേരി അതിരൂപത മുൻ വികാരി ജനറലും ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിങ് കോളജ് ഉൾപ്പെടെ കുടിയേറ്റ മേഖലയിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പള്ളികളുടെയും സ്ഥാപകനുമായമോൺ. മാത്യു എം. ചാലിൽ (85) നിര്യാതനായി. ഞായറാഴ്ച പുലർച്ച അഞ്ചിനായിരുന്നു അന്ത്യം. വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾ കാരണം കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതത്തിലായിരുന്നു.
ചാലിൽ മാത്യു -ബ്രിജിറ്റ് ദമ്പതികളുടെ മകനായി 1938 ആഗസ്റ്റ് 28ന് രാമപുരത്തായിരുന്നു ജനനം. 1945ൽ മാതാപിതാക്കൾ ചെമ്പേരിയിലേക്ക് കുടിയേറി. ചിറ്റൂർ, ഇടനാട് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും രാമപുരത്ത് ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി.1963 മാർച്ച് 19ന് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിൽനിന്ന് തിരുപ്പട്ടം സ്വീകരിച്ചു. തുടർന്ന് തോമാപുരം പള്ളിയിൽ അസി. വികാരിയായി പൗരോഹിത്യ ശുശ്രൂഷ ആരംഭിച്ചു. ഒപ്പംതന്നെ ചെറുപുഴ, തിരുമേനി, കടുമേനി, ബളാൽ, മാവുള്ളാൽ, മാലോം പള്ളികളുടെ ചുമതല വഹിച്ചു. 1963 മേയ് മുതൽ 1968 ഏപ്രിൽ വരെ ബളാൽ, വെള്ളരിക്കുണ്ട് പള്ളികളുടെ വികാരിയായി നിയമിതനായി. തലശ്ശേരി രൂപത എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ കോഓപറേറ്റിവ് സൊസൈറ്റി സ്ഥാപിച്ചിരുന്നു. 2009ലെ മാർ കരിയാറ്റിൽ അവാർഡ്, ഉത്തരകേരള കവിത സാഹിത്യവേദി കണ്ണൂർ നൽകിയ അക്ഷര അവാർഡ്, വൈദികശ്രേഷ്ഠ അവാർഡ്, സിറ്റിസൺ ഇന്റഗ്രേഷൻ ഫീസ് സൊസൈറ്റി ഡൽഹി ഏർപ്പെടുത്തിയ ഭാരത് ഗൗരവ് പുരസ്കാർ, 2018ലെ കെ.സി.ബി.സിയുടെ ഗുരുശ്രേഷ്ഠ അവാർഡ് എന്നിവ ലഭിച്ചു.
സഹോദരങ്ങൾ: സിസ്റ്റർ ജെയിൻ എഫ്.സി.സി (മാനന്തവാടി), സി.എം. ജോസ് (റിട്ട. അധ്യാപകൻ, നിർമല എച്ച്.എസ്, ചെമ്പേരി), സി.എം. തോമസ് (റിട്ട. നേവി, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഏരുവേശ്ശി), സി.എം. പയസ് (ദുബൈ), പരേതരായ ബേബി, ആലീസ്, സോഫി.മൃതദേഹം തിങ്കളാഴ്ച രാവിലെ 10 മുതൽ 11 വരെ ചെമ്പേരി എൻജിനീയറിങ് കോളജിൽ പൊതുദർശനത്തിന് വെക്കും. സംസ്കാര ശുശ്രൂഷ 2.30ന് ചെമ്പേരി ലൂർദ് മാത ദേവാലയത്തിൽ.