ബ്രിസ്ബൻ: ആസ്ട്രേലിയൻ ഇന്ത്യൻ സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്ന ഡോ.വി.പി. ഉണ്ണികൃഷ്ണൻ (66) നിര്യാതനായി. ഉന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ആസ്ട്രേലിയ അവാർഡ് നൽകി ആസ്ട്രേലിയൻ സർക്കാർ ആദരിച്ചിട്ടുണ്ട്. ക്യൂൻസ് ലാൻഡ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് ആൻഡ് മെയിൻ റോഡ്സ് പ്രിൻസിപ്പൽ അഡ്വൈസറായിരുന്നു. ഇന്ത്യൻ അസോസിയേഷൻ (FICQ) സെക്രട്ടറി, ക്യൂൻസ് ലാൻഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. ജ്വാല, ഒ.എച്ച്.എം തുടങ്ങി ഒട്ടനവധി കലാ സാംസ്കാരിക സംഘടനകളുടെയും സ്ഥാപകനാണ്. കൊച്ചിൻ യൂനിവേഴ്സിറ്റിയിൽനിന്ന് റാങ്കോടെ ജിയോളജിയിൽ മാസ്റ്റേഴ്സും തുടർന്ന് ഡോക്ടറേറ്റും നേടിയ ഉണ്ണികൃഷ്ണൻ ഇടുക്കിയിൽ ജില്ല ഹൈഡ്രോ ജിയോളജിസ്റ്റായാണ് സർവിസ് ആരംഭിച്ചത്. മികച്ച സേവനത്തിനുള്ള കേരള സർക്കാറിന്റെ അവാർഡുകൾ നിരവധി വട്ടം നേടി. സിഡ്നി യു.എൻ.എസ്.ഡബ്ല്യു യൂനിവേഴ്സിറ്റിയിൽ സ്കോളർഷിപ്പോടെ ഗവേഷണം പൂർത്തിയാക്കി. തുടർന്നാണ് ആസ്ട്രേലിയയിൽ ജോലി ലഭിച്ചതും ഇവിടേക്ക് കുടിയേറിയതും. സിഡ്നി ഒളിമ്പിക്സ് ഒട്ടേറെ പത്രങ്ങൾക്കുവേണ്ടി ഇദ്ദേഹം റിപ്പോർട്ട് ചെയ്തു. ലോർഡ്സ് മേയറുടെ അവാർഡും ഡിപ്പാർട്ട്മെന്റിലെ ഒട്ടേറെ അവാർഡുകളും നേടിയ ഉണ്ണികൃഷ്ണൻ ആദ്യകാലങ്ങളിൽ കുടിയേറ്റകാലത്ത് കഷ്ടപ്പെടുന്നവരുടെ സഹായഹസ്തമായിരുന്നു. തിരുവനന്തപുരം പള്ളിച്ചൽ കൊട്ടറ പരേതരായ വേലായുധൻ - പത്മാവതിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സബിത കോഴഞ്ചേരി പുല്ലാട് താഴത്തേടത്തു കുടുംബാംഗമാണ്. മക്കൾ: ഗാർഗി ആദർശ് (ജനറൽ മാനേജർ, പ്രോട്രേഡ് യുനൈറ്റഡ്, ബ്രിസ്ബൻ), സിദ്ധാർഥ് (സ്റ്റോം വാട്ടർ എൻജിനീയർ, ഇ.ജി.ഐ.എസ്, ബ്രിസ്ബൻ). മരുമകൻ: ആദർശ് മേനോൻ (സീനിയർ എൻജിനീയർ, ടീം വർക്സ് - ബ്രിസ്ബൻ). മൃതദേഹം റോയൽ ബ്രിസ്ബൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം തിരുവനന്തപുരത്ത് പിന്നീട്.