കഴക്കൂട്ടം: കേരള സർവകലാശാല കാര്യവട്ടം ജോയന്റ് രജിസ്ട്രാർ രാജ് നാരായൺ (52) കുഴഞ്ഞുവീണ് മരിച്ചു. കുളത്തൂർ തൃപ്പാദപുരത്ത് കേരള ഹോംസിന്റെ വില്ലയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഇവിടത്തെ കോർട്ടിൽ സുഹൃത്തുക്കളോടൊപ്പം ബാഡ്മിന്റൺ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ രാജ് നാരായണനെ ഉടൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സുജ നാരായൺ (ഹയർ സെക്കൻഡറി അധ്യാപിക, കുണ്ടറ ശങ്കരമംഗലം ഹയർ സെക്കൻഡറി സ്കൂൾ) മക്കൾ: രേവതി നാരായൺ (ഹൈദരാബാദിൽ പി.ജി വിദ്യാർഥിനി), അയ്യപ്പൻ (ചെന്നൈയിൽ ഡിഗ്രി വിദ്യാർഥി). അഞ്ച് വർഷം മുൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നു. പ്രമുഖ സി.പി.ഐ നേതാവ് വെളിയം രാജൻ പിതാവും പരേതയായ എൻ. രാജമ്മ (റിട്ട. പ്രഫ. കൊല്ലം എസ്.എൻ കോളേജ്) മാതാവുമാണ്. കേരള യൂനിവേഴ്സിറ്റി കാര്യവട്ടം കാമ്പസിൽ വൈകീട്ട് മൂന്നിന് പൊതുദർശനത്തിനുശേഷം കുടുംബവീടായ കൊല്ലം മുണ്ടയ്ക്കലിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.