കോഴിക്കോട്: ഫ്ലാറ്റില്‍നിന്ന് വീണ് വനിത ഡോക്ടര്‍ മരിച്ചു. കടവത്തൂർ സ്വദേശി ഷദ റഹ്മത്ത് ജഹാൻ (24) ആണ് മരിച്ചത്. പി.ടി. ഉഷ റോഡിലെ ലിയോ പാരഡൈസ് ഗാലക്സി ഫ്ലാറ്റിൽ വെള്ളിയാഴ്ച നാലോടെയാണ് സംഭവം. മേയർ ഭവന് അടുത്തുള്ള ഫ്ലാറ്റിലെ 12ാം നിലയില്‍നിന്നാണ് ഷദ വീണതെന്ന് ഫ്ലാറ്റിലെ സുരക്ഷ ജീവനക്കാരൻ പറഞ്ഞു. വീഴ്ചയുടെ ശബ്ദംകേട്ടാണ് സുരക്ഷ ജീവനക്കാരൻ ഓടിയെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് വെള്ളയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
യേനപ്പോയ മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ് കഴിഞ്ഞ ശേഷം പള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ സേവനമനുഷ്ഠിച്ചു വരുകയായിരുന്നു. കഴിഞ്ഞയാഴ്ച മെഡിക്കൽ പി.ജി എൻട്രൻസ് പരീക്ഷ എഴുതിയിരുന്നു. പിതാവ്: കടവത്തൂർ കുനിയിൽ താമസിക്കുന്ന ഡോ. എടപ്പാറ അബൂബക്കർ. മാതാവ്: ഡോ. മുനീറ. സഹോദരങ്ങൾ: ഡോ. അസ്മിൽ ഷാസ് മുഹമ്മദ് (യു.കെ), ഷഹൽ ഷാസ് മുഹമ്മദ് (മെഡിക്കൽ വിദ്യാർഥി, മംഗളൂരു). മൃതദേഹം കടവത്തൂർ വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.