മുളങ്കുന്നത്തുകാവ്: പൊലീസ് കസ്റ്റഡിയിൽ കൊണ്ടുപോകുന്നതിനിടെ ജീപ്പിൽനിന്ന് ചാടി തലക്ക് പരിക്കേറ്റ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണിയാണ് (30) ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ജീപ്പിൽനിന്ന് ചാടി റോഡിലേക്ക് വീണതിൽ തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രിയിൽ നഗരത്തില്‍ മദ്യലഹരിയിൽ ബഹളംവെച്ച് കത്തികാട്ടി ആളുകളെ ഭീഷണിപ്പെടുത്തുന്ന സമയത്താണ് ഇയാളെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി, വിയ്യൂരിലെ ജില്ല പൊലീസ് കസ്റ്റഡി കേന്ദ്രത്തിലേക്ക് പൊലീസ് വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ അശ്വനി ആശുപത്രി ജങ്ഷനിൽ വാഹനത്തിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.