ഫറോക്ക്: അറപ്പുഴ പാലത്തിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ കല്ലമ്പാറ സ്വദേശി മരിച്ചു. കൂടെ യാത്രചെയ്തിരുന്ന അന്തർ സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. ഫറോക്ക് കല്ലമ്പാറ അറക്കൽ ചെറുപൊയിൽ വീട്ടിൽ ധനീശനാണ് (58) മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് അപകടം. കാറും ഓട്ടോയും കൂട്ടിയിടിക്കുകയും ഇടിയുടെ ആഘാതത്തിൽ ഇവർ സഞ്ചരിച്ച ബൈക്കിൽ ഇരുവാഹനങ്ങളും ഇടിക്കുകയുമായിരുന്നു. ഉടൻ നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ധനീശനൊപ്പം ബൈക്കിൽ യാത്രചെയ്ത അന്തർ സംസ്ഥാന തൊഴിലാളിയായ സുബൈർ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നിർമാണ തൊഴിലാളിയായ ധനീശൻ ജോലിക്കു പോകുന്നതിനിടെയാണ് അപകടം.
പിതാവ്: പരേതനായ ദാമോദരൻ. മാതാവ്: യശോദ. ഭാര്യ: ഷീജ. മക്കൾ: നിത, നിതിൻ. സഹോദരങ്ങൾ: ജയേഷ്, ബിന്ദു, പരേതയായ റീന. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വൈകീട്ട് നാലുമണിക്ക് വീട്ടിലെത്തിച്ച മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.