ചാലക്കുടി: കറുകുറ്റിയിൽ വീട് നിർമാണത്തിനിടെ സ്ലാബ് തലയിൽ വീണ് മുരിങ്ങൂർ സ്വദേശിയടക്കം രണ്ടു തൊഴിലാളികൾ മരിച്ചു. മുരിങ്ങൂർ കവലക്കാട്ട് വീട്ടിൽ ജോണി (51), പശ്ചിമ ബംഗാൾ സ്വദേശി അലി (31) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8.45ന് കറുകുറ്റിയിൽ നിർമാണം നടക്കുന്ന വീടിന്റെ സൺ ഷെയ്ഡ് വാർക്കുന്നതിനിടയിണ് അത്യാഹിതം. ജോണിയടക്കം മൂന്ന് പേരുടെ തലയിൽ സ്ലാബ് വീണു. മൂന്ന് പേരെയും കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പശ്ചിമ ബംഗാൾ സ്വദേശി വഴിമധ്യേ മരിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ജോണി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരിക്കേറ്റ പശ്ചിമ ബംഗാൾ സ്വദേശിയായ കല്ലു (30) ചികിത്സയിലാണ്.