വണ്ടാഴി: ട്രാക്ടർ പാടത്തെ വരമ്പ് കടക്കുമ്പോൾ തെറിച്ചുവീണ ഡ്രൈവർ അതേ ട്രാക്ടറിന്റെ ചക്രത്തിനടിയിൽപ്പെട്ട് മരിച്ചു. വണ്ടാഴി കീഴ്പാല പൂവത്തിങ്കൽ പരേതനായ നാരായണന്റെ മകൻ മോഹൻദാസ് (56) ആണ് മരിച്ചത്. വണ്ടാഴി കീഴ്പാലയിൽ കൊയ്ത്ത് നടക്കുന്ന പാടത്ത് നെല്ല് കയറ്റാൻ ട്രാക്ടറുമായി പോയതായിരുന്നു മോഹൻദാസ്. വരമ്പ് കടക്കുന്നതിനിടെ സീറ്റിൽ നിന്ന് തെറിച്ചു വീണ ഇയാളുടെ ശരീരത്തിലൂടെ ട്രാക്ടറിന്റെ ചക്രം കയറിയിറങ്ങി. ഞായറാഴ്ച കാലത്ത് പത്തരയോടെയാണ് സംഭവം. ഗുരുതര പരിക്കേറ്റ മോഹൻദാസിനെ പാലക്കാട് ജില്ല ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: ജാനകി. ഭാര്യ: ബേബി. മക്കൾ: ദീപ്തി, മനു. മരുമകൻ: രാജേഷ്.