കൊളത്തൂർ: ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാങ്ങ് തോറയിൽ വലിയപറമ്പിൽ കുഞ്ഞിമുഹമ്മദിന്റെ മകൻ ഉമ്മറാണ് (23) മരിച്ചത്. പടപ്പറമ്പ് കൊളത്തൂർ റോഡിൽ കമ്പനിപ്പടിയിൽ ചൊവ്വാഴ്ച ഉച്ചക്ക് 2.30നാണ് അപകടം. വയറിങ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഉമ്മർ സഞ്ചരിച്ച ബൈക്ക് പടപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഉമ്മറിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച പുലർച്ച ഒന്നോടെ മരിച്ചു. മാതാവ്: ആസ്യ. സഹോദരിമാർ: സമീറ, സുമീറ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം പലകപ്പറമ്പ് മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കി.