തിരുവമ്പാടി: മകൻ മർദിച്ചെന്ന് പൊലീസിന് മൊഴി നൽകിയ പിതാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ആനക്കാംപൊയിൽ മുത്തപ്പൻപുഴ പുളിക്കൽസെബാസ്റ്റ്യൻ (76) ആണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഇയാളുടെ ഭാര്യ മേരിയും (70) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മാതാപിതാക്കളെ മർദിച്ചതിന് ഇവരുടെ ഏകമകൻ അഭിലാഷിനെതിരെ (35) പൊലീസ് കേസെടുത്തു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് ഗ്രാമപഞ്ചായത്ത്, ആരോഗ്യ വകുപ്പ്, സാന്ത്വന പരിചരണ അധികൃതർ ചേർന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. മദ്യപിച്ചെത്തി മകൻ മാതാപിതാക്കളെ മർദിക്കാറുണ്ടായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് തിരുവമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ സുമിത്ത് കുമാർ പറഞ്ഞു.