ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ
നെടുമങ്ങാട്: ജില്ല ആശുപത്രിയിൽ ചികിത്സയിലിരുന്ന ഒന്നര വയസ്സുകാരി മരിച്ചു. ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ബഹളം വെച്ചതോടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
നെടുമങ്ങാട് കരകുളം ചെക്കക്കോണം മുളമുക്ക് ചേമ്പുവിള വടക്കുംകര പുത്തൻവീട്ടിൽ സുജിത്-സുകന്യ ദമ്പതികളുടെ ഒന്നര വയസ്സുള്ള മകൾ ആർച്ചയാണ് മരിച്ചത്. പനിയും ശ്വാസതടസ്സവുമായി കഴിഞ്ഞ അഞ്ചു ദിവസമായി കുട്ടി നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സതേടി. ദിവസേന ആശുപത്രിയിൽ പരിശോധന നടത്തി വീട്ടിലേക്ക് തിരികെ പോകുകയായിരുന്നു. ഞായറാഴ്ച രാവിലെയും കുട്ടിയെ ശ്വാസംമുട്ടലിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച് നെബുലൈസ് ചെയ്ത് തിരികെവിട്ടു. എന്നാൽ, വീട്ടിൽ കൊണ്ടുപോയ കുട്ടി കുറച്ചുകഴിഞ്ഞപ്പോൾ മയങ്ങി. ഉടനെ നെടുമങ്ങാട് ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ചികിത്സാപ്പിഴവ് ആരോപിച്ച് ആശുപത്രിക്കു മുന്നിൽ നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിച്ചു. നെടുമങ്ങാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ, മരണകാരണം വ്യക്തമാകൂവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. രേഖാ രവീന്ദ്രൻ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.