തിരുവനന്തപുരം: ആസ്റ്റർ ഇബ്രി ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ആർ. രാജേന്ദ്രൻ നായർ എന്ന ഡോ. ആർ.ആർ. നായർ (74) നിര്യാതനായി. ഒമാൻ പോളി ക്ലിനിക്, ഒമാൻ അൽ ഖൈർ ഹോസ്പിറ്റൽ ഇബ്രി എന്നിവയുടെ സ്ഥാപകനാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ 1970 ബാച്ചിൽ പഠിച്ചിറങ്ങിയ അദ്ദേഹം കുറച്ചുകാലം കേരളത്തിൽ സേവനമനുഷ്ഠിച്ചു. പിന്നീട് ഒമാനിലെ ഇബ്രിയിലേക്ക് തട്ടകം മാറ്റി. 1981ൽ ഒമാൻ പോളി ക്ലിനിക് സ്ഥാപിച്ചു. ഇത് പിന്നീട് ഒമാൻ അൽ ഖൈർ ഹോസ്പിറ്റലായി ഉയർത്തുകയും അടുത്തിടെ ആസ്റ്റർ ഗ്രൂപ്പിന്റെ ഭാഗമാകുകയും ചെയ്തു. നിലവിൽ ആസ്റ്റർ ഇബ്രി ഹോസ്പിറ്റലെന്നാണ് അറിയപ്പെടുന്നത്. ആതുര ശുശ്രൂഷകൻ എന്നതിനൊപ്പം സാമൂഹിക പ്രവർത്തകനെന്ന നിലയിലും പ്രസിദ്ധനാണ്. സഖി ടി.വിയുടെ ചെയർമാൻ, അർബുദരോഗികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടന സി.ആർ.എ.ബിയുടെ ചെയർമാൻ എന്ന നിലകളിലും പ്രവർത്തിച്ചു.തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുരം മൈത്രി ഗാർഡൻസിൽ കണ്ടനെല്ലൂർ വീട്ടിലെ ചടങ്ങുകൾക്കുശേഷം വ്യാഴാഴ്ച വൈകീട്ട് നാലിന് ശാന്തികവാടത്തിൽ സംസ്കരിക്കും. ഭാര്യ: ഡോ. ഉഷാറാണി. മകൻ: ഡോ. ബിഷ്ണു കിരൺ രാജേന്ദ്രൻ. മരുമകൾ: ഡോ. കാർത്തിക മോഹൻ.