വർക്കല: ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗവും കാഞ്ചീപുരം ശ്രീനാരായണ സേവാശ്രമം പ്രസിഡന്റുമായ സ്വാമി സദ്രൂപാനന്ദ നിര്യാതനായി. ചെന്നൈ എസ്.ആര്.എം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1962ല്‍ ചേര്‍ത്തല ചാരമംഗലത്ത് കരുണാകരന് -ചെല്ലമ്മ ദമ്പതികളുടെ മകനായി ജനിച്ചു. 1977ല്‍ ശിവഗിരിയിലെത്തി. ബ്രഹ്മവിദ്യ പഠനശേഷം സന്യാസദീക്ഷ സ്വീകരിച്ച് സ്വാമി സദ്രൂപാനന്ദയായി. ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ സംരക്ഷണാചാര്യനായിട്ടുണ്ട്. കാഞ്ചീപുരം ശ്രീനാരായണ സേവാശ്രമത്തില്‍ സേവനമനുഷ്ഠിച്ചുവരുകയായിരുന്നു. കാഞ്ചീപുരം ആശ്രമത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദാശുപത്രിയുടെയും ഫാര്‍മസിയുടെയും മരുന്നുൽപാദന കേന്ദ്രത്തിന്റെയും ഔഷധത്തോട്ടത്തിന്റെയും ശ്രീനാരായണഗുരു സ്കൂളിന്റെയും സമഗ്രവികസനത്തിനുപിന്നിൽ പ്രവർത്തിച്ചു. സമാധിയിരുത്തല്‍ ചടങ്ങുകള്‍ വ്യാഴാഴ്ച രാവിലെ 10ന് കാഞ്ചീപുരം സേവാശ്രമത്തില്‍ നടക്കും. ചടങ്ങുകള്‍ക്ക് ശിവഗിരിയിലെ സന്യാസിമാരും കാഞ്ചീപുരം ആശ്രമത്തിലെ സ്വാമി സുഗുണാനന്ദയും സ്വാമി യോഗാനന്ദയും കാർമികത്വം വഹിക്കും. തുടര്‍ന്ന് പ്രത്യേക പ്രാർഥനയും അനുസ്മരണവും നടക്കും. നിര്യാണത്തെ തുടർന്ന് ശിവഗിരി മഠത്തിലെ ധർമസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ നേതൃത്വത്തിൽ ഉന്നതതല സംഘം കാഞ്ചീപുരം ആശ്രമത്തിലേക്ക് പുറപ്പെട്ടു.