ഹരിപ്പാട്: പ്രശസ്തമായ മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ മുഖ്യപൂജാരിണിയായിരുന്ന മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം (96) അന്തരിച്ചു. വനിത മുഖ്യ പൂജാരിണിയായ ഏക ക്ഷേത്രമാണിത്. ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു മണ്ണാറശാല അമ്മയുടെ അന്ത്യം. മരണ സമയത്ത് മകൾ വത്സലദേവിയും മറ്റു ബന്ധുക്കളും അടുത്തുണ്ടായിരുന്നു. ഇല്ലത്തെ നടുത്തളത്തിൽ പൊതുദർശനത്തിനായി കിടത്തിയ മൃതദേഹത്തിൽ നിരവധി ആത്മീയ സാമൂഹ്യ സാംസ്കാരിക നായകന്മാർ അന്ത്യോപചാരം അർപ്പിച്ചു. പ്രശസ്തമായ മണ്ണാറശാല ആയില്യത്തിൽ മണ്ണാറശാല അമ്മയുടെ ദർശനം നേടാൻ ഭക്തജന സഹസ്രങ്ങളാണ് എല്ലാ വർഷവും എത്തുന്നത്. വാർധക്യസഹജമായ ബുദ്ധിമുട്ടുകൾ അലട്ടിയിരുന്നു. സംസ്കാരം ബുധനാഴ്ച രാത്രി ക്ഷേത്രത്തിനും നിലവറയ്ക്കും മധ്യേ അമ്മമാർക്ക് മാത്രമായുള്ള പ്രത്യേക സ്ഥാനത്ത് നടന്നു. വത്സലാദേവിയാണ് ഏക മകൾ. മരുമകൻ: തിരുവനന്തപുരം ഇടയാവണത്തുമഠം ശശിശേഖരരു പണ്ടാരത്തിൽ.
കോട്ടയം മാങ്ങാനത്ത് ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും രുഗ്മിണി അന്തർജനത്തിന്റെയും മൂന്നാമത്തെ മകളായ ഉമാദേവി അന്തർജനം പരേതനായ എം.ജി. നാരായണൻ നമ്പൂതിരിയുടെ സഹധർമിണിയായതോടെയാണ് മണ്ണാറശാല ഇല്ലത്തെ അംഗമായത്. വലിയമ്മയായിരുന്ന സാവിത്രി അന്തർജനം 1993 ഒക്ടോബർ 24ന് അന്തരിച്ചതിനെത്തുടർന്നാണ് ഉമാദേവി അന്തർജനം വലിയമ്മയായി സ്ഥാനമേറ്റത്. അമ്മമാർ സമാധിയായാൽ ക്ഷേത്രത്തിൽ മൂന്നു ദിവസം പതിവു പൂജകൾ ഉണ്ടാവില്ല.
സംസ്കാരച്ചടങ്ങുകൾക്ക് മുന്നോടിയായി അടുത്ത അമ്മയായി സാവിത്രി അന്തർജനത്തെ അവരോധിച്ചു. കോട്ടയം കാഞ്ഞിരക്കാട്ട് ഇല്ലത്ത് ശങ്കരൻ നമ്പൂതിരിയുടെയും ആര്യ അന്തർജനത്തിന്റെയും രണ്ടാമത്തെ മകളായ സാവിത്രി അന്തർജനം (83) മുൻകാരണവർ എം.വി.സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ഭാര്യയാണ്. ഒരുവർഷം നീണ്ടുനിൽക്കുന്ന സംവത്സര ദീക്ഷയ്ക്കു ശേഷമേ ക്ഷേത്രത്തിലെ പൂജാകർമങ്ങൾ പുതിയ അമ്മ ആരംഭിക്കൂ. ഉമാദേവി അന്തർജനത്തിന്റെ സമാധിയെത്തുടർന്ന് കർക്കടക മാസത്തിലെ ആയില്യം നാളിൽ മണ്ണാറശാല ക്ഷേത്രത്തിൽ നടക്കുന്ന നൂറും പാലും ഉണ്ടാവില്ല.