ചാലക്കുടി: അന്തർ സംസ്ഥാന തൊഴിലാളിയുടെ രണ്ടു വയസ്സുള്ള മകളെ മണ്ണെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഝാർഖണ്ഡ് സ്വദേശിയായ ചന്ദ്രദേവിന്റെ മകൾ അനന്യയാണ് മരിച്ചത്. ചാലക്കുടിയിൽ കോട്ടാറ്റ് ഓട്ടുകമ്പനിക്ക് പിന്നിലെ മണ്ണെടുത്ത കുഴിയിൽ മുങ്ങിമരിച്ച നിലയിൽ കുട്ടിയുടെ ജഡം കണ്ടെത്തുകയായിരുന്നു. ചന്ദ്രു ഓട്ടുകമ്പനിയിലെ ജോലിക്കാരനാണ്. ഓട്ടുകമ്പനിക്ക് പിന്നിലെ കെട്ടിടത്തിലെ മുറിയിലാണ് ഇയാൾ താമസിച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് മൂന്നോടെയാണ് കുട്ടിയെ കാണാതായ വിവരം അറിഞ്ഞത്. തുടർന്ന് നടത്തിയ തിരച്ചിലിനിടയിലാണ് ജഡം വെള്ളത്തിൽ കണ്ടെത്തിയത്.