കഴക്കൂട്ടം: വാഹനാപകടത്തിൽ മകൻ മരിച്ചതറിഞ്ഞ മാതാവ് കിണറ്റിൽ ചാടി ജീവനൊടുക്കി. നെടുമങ്ങാട് വെള്ളൂർക്കോണം അറഫയിൽ റിട്ട. ഫോറസ്റ്റ് ഉദ്യോഗസ്ഥൻ സുലൈമാന്റെ ഭാര്യ ഷീജാബീഗമാണ് ആത്മഹത്യ ചെയ്തത്.
ബുധനാഴ്ച പുലർച്ചയായിരുന്നു സംഭവം. വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ പി.ജി വിദ്യാർഥിയായ മുഹമ്മദ് സജിൻ (28) ചൊവ്വാഴ്ച വെറ്ററിനറി സർവകലാശാല കാമ്പസിൽ, പിക്-അപ് വാനും സ്കൂട്ടറും ഇടിച്ച് ഉണ്ടായ അപകടത്തിൽ മരിക്കുകയായിരുന്നു. മകന് അപകടം പറ്റിയതറിഞ്ഞ ഷീജാബീഗവും ഭർത്താവും ബന്ധുക്കളെയും കൂട്ടി വയനാട്ടിലേക്ക് പുറപ്പെട്ടു. ആറ്റിങ്ങൽ എത്തിയപ്പോൾ സജിൻ മരിച്ചുവെന്നറിഞ്ഞ ബന്ധുക്കൾ, മരണവിവരം അറിയിക്കാതെ ഷീജയെ തിരികെ ചന്തവിളയിലെ വീട്ടിൽ കൊണ്ടുവിട്ട് വയനാട്ടിലേക്ക് പോയി. എന്നാൽ രാത്രിയോടെ മകന്റെ മരണവാർത്ത സോഷ്യൽ മീഡിയയിലൂടെ അറിഞ്ഞ ഷീജാബീഗം താനും മകനോടൊപ്പം പോകുന്നുവെന്ന് ഫോണിൽ സന്ദേശം ഇട്ടതിന് ശേഷം കിണറ്റിൽ ചാടുകയിരുന്നെത്ര. കഴക്കൂട്ടം അഗ്നിശമനസേന എത്തിയാണ് മൃതദേഹം കരക്കെടുത്തത്.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ആമ്പല്ലൂരിലെ കുടുംബവീട്ടിലും വെള്ളൂർക്കോണം ഗവൺമെന്റ് എൽ.പി സ്കൂളിലും പൊതുദർശത്തിന് െവച്ചു. വ്യാഴാഴ്ച രാവിലെ 8.30ന് നെടുമങ്ങാട് കാഞ്ഞിരംമൂട് ജുമാമസ്ജിദിൽ ഇരുവരുടെയും ഖബറടക്കം നടക്കും.
വെള്ളൂർകോണം ഗവ. എൽ.പി സ്കൂൾ അധ്യാപികയാണ് ഷീജാബീഗം. കാർഷിക സർവകലാശാല വിദ്യാർഥിനി സിയാനയാണ് മകൾ.