മാള: വലിയപറമ്പ് കുരുവിലശ്ശേരിയിൽ കുറ്റിക്കാട്ടിൽ അഴുകി ജീർണിച്ചനിലയിൽ മൃതദേഹം കണ്ടെത്തി. മൃതദേഹം കഴിഞ്ഞ മാസം കാണാതായ പൂപ്പത്തി ഏരിമ്മൽ വീട്ടിൽ ഷിബുവിന്റേതാണെന്നാണ് (53) സംശയം. മൃതദേഹത്തിലെ വസ്ത്രം കണ്ട് വീട്ടുകാർ ഷിബുവാണെന്ന് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 23 മുതൽ ഷിബുവിനെ കാണാനില്ലെന്ന് ബന്ധുക്കൾ മാള പൊലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹത്തിൽനിന്ന് കുറച്ചു മാറിയാണ് കൈയുടെ ഭാഗങ്ങൾ കണ്ടെത്തിയത്.ആൾ സഞ്ചാരമില്ലാത്തതും കുറുനരികളുടെയും തെരുവുനായ്ക്കളുടെയും ശല്യവുമുള്ള പ്രദേശമാണിത്. മൃതദേഹം എങ്ങനെ ഇവിടെ എത്തിയെന്നത് ദുരൂഹമാണ്. മാള പൊലീസ് എസ്.എച്ച്.ഒ സജിൻ ശശിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. തൃശൂർ റൂറൽ എസ്.പി ഐശ്വര്യ ഡോങ്ഗ്രേയും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി. ഫോറൻസിക് പരിശോധനക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. തിങ്കളാഴ്ച പോസ്റ്റ്മോർട്ടം നടത്തും.