തിരുവനന്തപുരം: മലയാളം ലെക്സിക്കൻ മുൻ മേധാവിയും ആധ്യാത്മിക പണ്ഡിതനുമായ ഡോ.ബി.സി. ബാലകൃഷ്ണൻ (95) അന്തരിച്ചു. തിങ്കളാഴ്ച വെളുപ്പിന് നാലരക്ക് സ്വവസതിയായ തിരുവനന്തപുരം ജവഹർ നഗറിലെ ബാൽരാജിൽവെച്ചായിരുന്നു അന്ത്യം. ലോകത്തിലെ ആദ്യ നിഘണ്ടുനിർമാണ സൊസൈറ്റിയായ ലെക്സിക്കോഗ്രാഫിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യക്ക് 1975ൽ ഡോ.ബി.സി. ബാലകൃഷ്ണൻ രൂപം നൽകി. ലളിതാ സഹസ്രനാമം, ദേവീമഹാത്മ്യം, സൗന്ദര്യലഹരി, നാരായണീയം തുടങ്ങിയവയുടെ വ്യാഖ്യാനങ്ങൾ പ്രശസ്തങ്ങളാണ്. പതിനെണ്ണായിരം ശ്ലോകങ്ങളുള്ള ദേവീഭാഗവതത്തിന്റെ വ്യാഖ്യാനത്തിലായിരുന്നു അവസാനനാളുകൾ. ആധ്യാത്മിക പ്രഭാഷണ രംഗത്തും സജീവമായിരുന്നു. ഭാര്യ: പരേതയായ പ്രഫ. രാജമ്മ ബാലകൃഷ്ണൻ (എൻ.എസ്.എസ് വിമൻസ് കോളജ്, കരമന). മക്കൾ: ബി.ആർ. ബാലകൃഷ്ണൻ (ഇൻകം ടാക്സ് മുൻ പ്രിൻസിപ്പൽ ചീഫ് കമീഷണർ), ബി.ആർ. ബാലരാമൻ (മുൻ ഐ.എ.എഫ്, ബംഗളൂരു), ബി.ആർ. ബാലചന്ദ്രൻ. മരുമക്കൾ: ആശാ ബാലകൃഷ്ണൻ, ഹേമലത നായർ, സൗമ്യ ബാലചന്ദ്രൻ (ആർക്കിടെക്റ്റ് ആൻഡ് ടൗൺ പ്ലാനർ, അമേരിക്ക).