തച്ചനാട്ടുകര: വസ്തുസംബന്ധിച്ച തർക്കത്തിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. തൂത കണ്ടപ്പാടി വീട്ടിൽ അബു ഹാജിയാണ് (65) മരിച്ചത്. തച്ചനാട്ടുകര പുതുമനക്കുളമ്പിൽ ബുധനാഴ്ച രാവിലെ 11നാണ് സംഭവം. പുതുമനക്കുളമ്പിൽ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വസ്തുവിന്റെ റീസർവേ നടത്താൻ സഹോദരൻ അബ്ദുൽ അസീസിനൊപ്പമെത്തിയതാണ് അബു ഹാജി. തുടർന്ന് ഇവിടെ ഉണ്ടായിരുന്ന പിതൃസഹോദരനും മക്കളുമായി തർക്കമുണ്ടാവുകയും അബു ഹാജി കുഴഞ്ഞുവീഴുകയുമായിരുന്നു. മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം മണ്ണാർക്കാട് മദർ കെയർ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: കദീജ. മക്കൾ: നൂർജ, ഫാത്തിമ. മരുമക്കൾ: ഷൗക്കത്ത്, അസീസ്. തങ്ങളെ മർദിച്ചതായും സഹോദരനെ ആശുപത്രിയിലെത്തിക്കാൻ തടസ്സം നിന്നതായും ആരോപിച്ച് സഹോദരൻ അബ്ദുൽ അസീസ് നാട്ടുകൽ പൊലീസിൽ പരാതി നൽകി. ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസ്, നാട്ടുകൽ എസ്.എച്ച്.ഒ എന്നിവർ സ്ഥലത്തെത്തി. പിതൃസഹോദരൻ സൈദാലി, മക്കളായ ബഷീർ, അബ്ദുറഹ്മാൻ എന്നിവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.