നേമം: പൂജപ്പുര സ്വദേശിനിയും സീരിയൽ നടിയുമായ ഡോ. പ്രിയങ്ക (35) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി. എട്ടുമാസം ഗർഭിണിയായിരുന്ന ഇവർ പതിവ് പരിശോധനക്ക് കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോൾ അവിടെെവച്ചാണ് ഹൃദയാഘാതം ഉണ്ടായത്. അടിയന്തര ശുശ്രൂഷ നൽകിയെങ്കിലും രക്ഷിക്കാനായില്ല. ഗർഭാവസ്ഥയിൽ പുറത്തെടുത്ത ആൺകുഞ്ഞ് അപകടനില തരണംചെയ്തു. എൻ.ഐ.സി.യുവിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് കുഞ്ഞ്. എം.ബി.ബി.എസ് കഴിഞ്ഞ പ്രിയ ഇതേ ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. ഇതിനിടെയാണ് സീരിയലുകളിൽ അഭിനയിച്ചത്. എം.ഡി പഠിക്കാൻ തയാറെടുക്കുന്ന സമയത്താണ് വിയോഗം. മാതാവ് സുനിലക്കും ബംഗളൂരു സ്വദേശിയായ ഭർത്താവ് ശരവണനുമൊപ്പം പൂജപ്പുരയിലായിരുന്നു താമസം. പിതാവ്: ജയരാജ്. ‘കറുത്ത മുത്ത്’ അടക്കം നിരവധി ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. മൃതദേഹം ബുധനാഴ്ച വൈകീട്ടോടെ പൂജപ്പുര പൈ റോഡിലെ ഫ്ലാറ്റിലെത്തിച്ചു. സംസ്കാരം വ്യാഴാഴ്ച 10ന് ശാന്തികവാടത്തിൽ.