കൊടുങ്ങല്ലൂർ: ദേശീയപാത 66 കൊടുങ്ങല്ലൂരിനടുത്ത് കോതപറമ്പിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ റിട്ട. എ.എസ്.ഐ മരിച്ചു. കൊടുങ്ങല്ലൂർ പുല്ലൂറ്റ് കോഴിക്കടയിൽ വാടകക്കു താമസിക്കുന്ന കൊല്ലം സ്വദേശി പെരുന്തറ വീട്ടിൽ ശ്രീകുമാർ (61) ആണ് മരിച്ചത്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ എ.എസ്.ഐയായിരിക്കെ 2018ലാണ് സർവിസിൽനിന്ന് വിരമിച്ചത്. ഞായറാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. കൊടുങ്ങല്ലൂർ-ഗുരുവായൂർ റൂട്ടിലോടുന്ന നാലുമാക്കൽ ബസാണ് ഇടിച്ചത്. ഇടിച്ച ബസ് സ്കൂട്ടർ യാത്രക്കാരന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരിച്ചു. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയ മൃതദേഹത്തിൽ മതിലകം പൊലീസ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി. തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം നടക്കും.