വാടാനപ്പള്ളി: തളിക്കുളം സ്നേഹതീരത്തിന് വടക്ക് അറപ്പതോടിന് സമീപം കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ തമിഴ്നാട് നീലഗിരി സ്വദേശിയായ യുവാവിന്റെ മൃതദേഹം വലപ്പാട് ബീച്ചിൽ കരക്കടിഞ്ഞു. പോനൂർ ബോയ്സ് കമ്പനി സുരേഷിന്റെ മകൻ അമൻകുമാറാണ് (21) മരിച്ചത്. വലപ്പാട് അറപ്പത്തോട്ടിലാണ് ഞായറാഴ്ച രാവിലെ ഏഴോടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച 2.15 ഓടെയായിരുന്നു അപകടം. ഊട്ടിയിൽനിന്ന് എത്തിയ ഏഴംഗ സംഘമാണ് കടലിൽ കുളിക്കാനിറങ്ങിയത്. തിര ആഞ്ഞടിച്ചതോടെ അമൻ കുമാർ കടലിൽ അകപ്പെടുകയായിരുന്നു. ഇതോടെ മറ്റുള്ളവർ കരക്ക് കയറി രക്ഷപ്പെട്ടു. വിവരം അറിയിച്ചതോടെ അഴീക്കോടുനിന്ന് തീരദേശ പൊലീസ് എത്തിയെങ്കിലും തിരയുടെ ശക്തി കാരണം കരക്കടുത്തേക്ക് തിരച്ചിലിനുള്ള ബോട്ട് അടുപ്പിക്കാൻ കഴിഞ്ഞില്ല. ഇതിനിടയിലാണ് ഞായറാഴ്ച രാവിലെ മൃതദേഹം ആറ് കിലോമീറ്റർ അപ്പുറത്ത് അടിഞ്ഞത്.
നീലഗിരിയിലെ രത്തിനം ഐ.ടി കമ്പനിയിലെ ജീവനക്കാരനാണ് അമൻ കുമാർ. അഴീക്കോട് തീരദേശ പൊലീസ് മേൽനടപടി സ്വീകരിച്ചു.