കാഞ്ഞാണി (തൃശൂർ): പച്ചമരുന്ന് ചികിത്സ തേടിയിരുന്ന തമിഴ്നാട് സ്വദേശിനി മരിച്ചു. കാഞ്ഞാണിയിൽ കുടുംബസമേതം താമസിച്ച് ആക്രിക്കച്ചവടം നടത്തുന്ന ചിന്നയ്യയുടെ ഭാര്യ സുധയാണ് (22) മരിച്ചത്. ശാരീരിക അസ്വസ്ഥതയും ക്ഷീണവും കാരണം ഇവർ പച്ചമരുന്ന് ചികിത്സ തേടി മരുന്ന് കഴിച്ചുവരുകയായിരുന്നു. എന്നിട്ടും ക്ഷീണം മാറാതായതോടെ രണ്ടു ദിവസം മുമ്പ് കാഞ്ഞാണിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഡ്രിപ് നൽകിയതോടെ ക്ഷീണം മാറി ആശുപത്രി വിട്ടിരുന്നു. ഞായറാഴ്ച വീട്ടിൽ കുഴഞ്ഞുവീണ ഇവരെ വീണ്ടും കാഞ്ഞാണിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വിവരം അറിയിച്ചതോടെ അന്തിക്കാട് പൊലീസെത്തി തഹസിൽദാരുടെ നേതൃത്വത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്നും അതിനുശേഷമേ നിയമനടപടികളുമായി മുന്നോട്ടുപോകാൻ കഴിയൂവെന്നും അന്തിക്കാട് എസ്.ഐ കെ. അജിത് കുമാർ പറഞ്ഞു. മിത്രയാണ് സുധയുടെ മകൾ.