വടകര: ദേശീയപാത പുതുപ്പണം കോട്ടക്കടവിൽ പാർസൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് മത്സ്യ വിതരണ തൊഴിലാളി മരിച്ചു. മണിയൂർ കരുവഞ്ചേരിയിലെ മലപ്പറമ്പത്ത് അബ്ദുല്ലയാണ് (60) മരിച്ചത്. വെള്ളിയാഴ്ച രാവിലെ ആറരയോടെ കോട്ടക്കടവിനും ജില്ല പൊലീസ് മേധാവിയുടെ ഓഫിസിനും ഇടയിൽ ദേശീയ പാതയിലാണ് അപകടം. ചോമ്പാലിൽനിന്ന് മത്സ്യവുമായി ബൈക്കിൽ വിൽപനക്കായി കരുവഞ്ചേരിയിലേക്ക് പോകവെ എതിരെ വന്ന പാർസൽ ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. മൃതദേഹം ഗവ. ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: സുബൈദ. മക്കൾ: ഷാഫി, അനസ്, ഹസീന.