ചികിത്സപ്പിഴവെന്ന് ബന്ധുക്കളുടെ പരാതി
വടകര: വടകര ഗവ. ജില്ല ആശുപത്രി അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. കൈനാട്ടിയിലെ നടോൽതാഴകുനിയിൽ സോണിയ (45)യാണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്. ആശുപത്രി അധികൃതരുടെ വീഴ്ചയാണ് മരണത്തിനിടയാക്കിയതെന്ന് കാണിച്ച് സഹോദരൻ വടകര പൊലീസിൽ പരാതി നൽകി. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം ചെയ്തു.
രണ്ടുദിവസം മുമ്പ് വയറിൽ അസ്വസ്ഥത അനുഭവപ്പെട്ട സോണിയ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. വെള്ളിയാഴ്ച രാവിലെ ക്ഷീണം കൂടിയതിനെത്തുടർന്ന് ആറുമണിയോടെ ഭർത്താവിനും ഭർതൃമാതാവിനുമൊപ്പം ജില്ല ആശുപത്രിയിലെത്തി. ഡോക്ടർ പരിശോധിച്ച ശേഷം ഡ്രിപ് നൽകി. ഒമ്പതുമണിയോടെ അസ്വസ്ഥത രൂക്ഷമാവുകയും 9.30ഓടെ മരണപ്പെടുകയും ചെയ്തു. ആശുപത്രിയിലെത്തിച്ച ശേഷം കൃത്യമായ പരിചരണം ലഭിച്ചില്ലെന്നാണ് ബന്ധുക്കളുടെ പരാതി. സംഭവത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. ആശുപത്രിയിലെത്തിയ ഉടൻ ഇ.സി.ജി എടുക്കുകയും ബി.പി നോക്കുകയും ചെയ്തിരുന്നു. പ്രശ്നങ്ങളില്ലായിരുന്നു. രക്തം പരിശോധനക്ക് അയക്കുകയും ചെയ്തു. പരിശോധന ഫലത്തിന് കാത്തിരിക്കുന്ന സമയത്താണ് സ്ഥിതി ഗുരുതരമായതെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.
സോണിയയുടെ ഭർത്താവ്: കൈനാട്ടി നടോൽതാഴകുനിയിൽ പ്രദീപൻ. പിതാവ്: വള്ളിക്കാട് കൂമുള്ളിപ്പറമ്പത്ത് മുകുന്ദൻ. മാതാവ്: ലീല. മക്കൾ: സ്നേഹ, അനുഷിക. സഹോദരങ്ങൾ: സനീഷ്, പ്രഭീഷ്.