ഒല്ലൂർ: റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ വീട്ടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കാട്ടികുളം അജയന്റെ ഭാര്യ മിനി (56), മകൻ ജെയ്തു (33) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ച അഞ്ചോടെ ഭർത്താവ് അജയനാണ് മിനിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. ഉടനെ അയൽക്കാരെ അറിയിച്ചു. തുടർന്നുള്ള പരിശോധനയിലാണ് ടെറസിന് മുകളിൽ ജെയ്തു മരിച്ചുകിടക്കുന്നത് കണ്ടത്. വിഷം ഉള്ളിൽ ചെന്നാണ് ഇരുവരും മരിച്ചതെന്നാണ് കരുതുന്നത്. ചിയ്യാരത്ത് വാടകക്ക് താമസിക്കുകയായിരുന്നു കുടുംബം. കുറച്ചുദിവസം മുമ്പ് അജയൻ ഒല്ലൂരിലെ സ്വന്തം വീട്ടിൽ താമസം തുടങ്ങി. അജയനെ കാണാൻ ബുധനാഴ്ച മിനിയും ജെയ്തുവും എത്തിയിരുന്നു. തുടർന്നാണ് രാവിലെ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്യുകയാണെന്ന് കുറിപ്പ് എഴുതിവെച്ചിരുന്നു. ഒല്ലൂർ പൊലീസ് മേൽനടപടി സ്വീകരിച്ചു. ഇരുവരുടെയും സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ലാലൂർ ശ്മശാനത്തിൽ.